KERALA DARSHAN CALICUT DEPARTURE

0
Price
From₹27,600
Including 5% GST
Price
From₹27,600
Including 5% GST
29 seats available in selected date
Price :
* Please select all required fields to proceed to the next step.

Proceed Booking

Save To Wish List

Adding item to wishlist requires an account

42856
10 Days
Tour Details

കേരളമെന്ന ജന്മനാടിനെ അടുത്തറിയാൻ അവസരം കിട്ടാതെ വളരുന്നവരാണോ നിങ്ങളുടെ മക്കൾ. സഞ്ചാരം ഒരുക്കുന്ന കേരള ദർശൻ നമ്മുടെ കുട്ടികൾക്കുവേണ്ടിയുള്ളതാണ്. കേരളത്തിന്റെ ചരിത്രം പഠിക്കാൻ, സംസ്കാരവൈവിധ്യത്തെ അടുത്തറിയാൻ, മനുഷ്യരുടെ ജീവിത സാഹചര്യങ്ങളും തൊഴിലുകളും മനസ്സിലാക്കാൻ, ഭൂമിശാസ്ത്ര വൈവിധ്യം നേരിൽ കാണാൻ, വന്യജീവി – വനജീവിതം അറിയാൻ.

മലനിര മുതൽ കടൽക്കര വരെയുള്ള കേരളീയ ഭൂപ്രകൃതിയിലൂടെ ഒരു സഞ്ചാരം. കോഴിക്കോടുമുതൽ കന്യാകുമാരിവരെയുള്ള ഒരു പഠനയാത്ര. കൊട്ടാരക്കെട്ടുകൾ, ഭരണസിരാകേന്ദ്രങ്ങൾ, നിയമസഭാ മന്ദിരം, ആരാധനാലയങ്ങൾ, തൊഴിലിടങ്ങൾ, പുഞ്ചപ്പാടങ്ങൾ, ആധുനിക ഗതാഗത ഉപാധികൾ, വന്യജീവി സങ്കേതങ്ങൾ, കായലുകൾ, നദികൾ, വ്യവസായ കേന്ദ്രങ്ങൾ എല്ലാം സന്ദർശിച്ചുകൊണ്ടുള്ള ഒരു പഠനയാത്രയാണിത്.

പത്തുദിവസം നീണ്ട ഈ പഠനയാത്രയിലൂടെ ഈ പ്രായംവരെ നിങ്ങളുടെ കുട്ടി നേടിയ അറിവുകളേക്കാൾ അറിവും അനുഭവവും നേടിയായിരിക്കും അവർ മടങ്ങിയെത്തുക.

കുട്ടികളിൽ നേതൃപാടവവും ജീവിതവീക്ഷണവും ഒപ്പം മാതാപിതാക്കളെ ആശ്രയിക്കാതെ സ്വന്തം കാര്യം നോക്കാൻ പരിശീലനവും ലഭിക്കുന്ന 10 ദിനങ്ങളാണിത്.

ലോകയാത്രികൻ സന്തോഷ് ജോർജ് കുളങ്ങര രൂപം കൊടുക്കുന്ന ഒരു നൂതന പഠന ആശയമാണിത്.

പരിചയസമ്പന്നരായ അധ്യാപകരാണ് ഈ ടൂർ നയിക്കുന്നത്.

ഈ അവസരം നഷ്ടപ്പെടുത്തരുത്. ഇന്നുതന്നെ ബുക്ക് ചെയ്യുക.

10 Days

April & May 2027

From Kozhikode

A/C Bus

3 Star Category

3 Meals Daily Included

All Entry Tickets Included

Travel Insurance included

Itinerary

Day 1കോഴിക്കോട്, തൃശൂർ, അതിരപ്പിള്ളി

രാവിലെ 7 മണിക്ക് കോഴിക്കോടുനിന്ന് പരിചയസമ്പന്നരായ അധ്യാപകരുടെയും പ്രൊഫഷണൽ ടൂർഗൈഡിന്റെയും ഒപ്പം യാത്ര പുറപ്പെടുന്നു. AC ബസ്സിലാണ് യാത്ര. യാത്രാമധ്യേ പ്രഭാതഭക്ഷണം. ഉച്ചയ്ക്കുമുമ്പ് തൃശൂർ എത്തുന്നു. ശക്തൻതമ്പുരാന്റെ കൊട്ടാരവും മ്യൂസിയവുമാണ് ആദ്യ സന്ദർശനസ്ഥലം. തുടർന്ന് ഉച്ചഭക്ഷണം. പിന്നീട് പുതുതായി ആരംഭിച്ച പുത്തൂരുള്ള സഫാരി സൂ സന്ദർശിക്കുന്നു. അവിടെനിന്ന് യാത്ര തുടർന്ന് പ്രശസ്തമായ അതിരപ്പിള്ളി വെള്ളച്ചാട്ടം ആസ്വദിക്കുന്നു. തുടർന്ന് യാത്ര ചെയ്ത് അത്താഴത്തിനുശേഷം ആലുവയ്ക്കുസമീപം താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 2കൊച്ചി സിറ്റി ടൂർ

രാവിലെ പ്രഭാതഭക്ഷണത്തോടെ യാത്ര ആരംഭിക്കുന്നു. ആദ്യ സന്ദർശനം നെടുമ്പാശ്ശേരിയിലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടാണ്. തുടർന്ന് ആലുവയിൽനിന്ന് പ്രശസ്തമായ കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നു. പാലാരിവട്ടം വരെ യാത്ര ചെയ്ത് ലോകപ്രശസ്തമായ ലുലുമാൾ സന്ദർശിക്കുന്നു. തുടർന്ന് മറൈൻ ഡ്രൈവിലെത്തി ഏറെ പ്രശസ്തമായ കൊച്ചി വാട്ടർമെട്രോയിൽ വേമ്പനാട്ടുകായലിലൂടെ യാത്രചെയ്ത് ബോൾഗാട്ടി ദ്വീപിലെ ഡച്ച് കൊട്ടാരം സന്ദർശിക്കുന്നു. വീണ്ടും വാട്ടർമെട്രോയിൽ അഴിമുഖം കുറുകെ കടന്ന് ഫോർട്ടുകൊച്ചിയിലെത്തി ചരിത്രസ്ഥലങ്ങൾ സന്ദർശിക്കുന്നു. ചീനവലയും ബീച്ചും ഇതിൽ ഉൾപ്പെടും. തുടർന്ന് മട്ടാഞ്ചേരി ജൂതസിനഗോഗ്, ജൂ സ്ട്രീറ്റ്, മട്ടാഞ്ചേരിപാലസ്, വാസ്കോഡ ഗാമയെ സംസ്‌കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എന്നിവ സന്ദർശിച്ചശേഷം യാത്ര തുടരുന്നു. കൊച്ചിൻ റിഫൈനറിയും ഇൻഫോപാർക്കും പുറമെനിന്ന് കണ്ടശേഷം കോതമംഗലത്ത് അല്ലെങ്കിൽ മറ്റൊരു പട്ടണത്തിൽ താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 3മൂന്നാർ, മാട്ടുപ്പെട്ടി, ഇരവികുളം

രാവിലെ യാത്ര ആരംഭിക്കുന്നു. പ്രഭാതഭക്ഷണം യാത്രാമധ്യേ. സഹ്യപർവതച്ചരിവുകളിലൂടെയുള്ള സീനിക് യാത്ര. ട്രോപ്പിക്കൽ വനക്കാഴ്ചകൾ. പ്രകൃതിമനോഹരമായ മൂന്നാറിന്റെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വരയാടുകളുടെ ആവാസകേന്ദ്രമായ ഇരവികുളം നാഷണൽ പാർക്ക് സന്ദർശിക്കുന്നു. (വനംവകുപ്പിന് കീഴിൽ വരുന്നതിനാൽ അവരുടെ അനുമതിയ്ക്കും സമയലഭ്യതയ്ക്കുമനുസരിച്ചു മാത്രമായിരിക്കും പ്രവേശനം.) തുടർന്ന് മാട്ടുപ്പെട്ടി ഡാം, ടീ മ്യൂസിയം, തേയില നുള്ളി ഉണക്കി ചായപ്പൊടിയാക്കിമാറ്റുന്നത് വരെയുള്ള പ്രോസസ് കാണാൻ കഴിയുന്ന തേയില ഫാക്ടറി സന്ദർശനം. തുടർന്ന് പ്രശസ്ത സീനിക് റൂട്ടായ ഗ്യാപ് റോഡുവഴി ചിന്നക്കനാൽ – പൂപ്പാറ പിന്നിട്ട് വണ്ടൻമേട്ടിൽ രാത്രി താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 4തേക്കടി, വാഗമൺ

സഹ്യപർവത മലനിരകളിലൂടെ ഏലത്തോട്ടങ്ങൾ കണ്ടുകൊണ്ടുള്ള മനോഹരയാത്ര. ട്രോപ്പിക്കൽ വനങ്ങൾ. പിന്നീട് തേക്കടിയിൽ. പെരിയാർ വന്യമൃഗ സങ്കേതത്തിൽ തേക്കടി തടാകത്തിലൂടെ ബോട്ട് യാത്ര. (വനംവകുപ്പിന് കീഴിൽ വരുന്നതിനാലും ബോട്ടുകളുടെ ലഭ്യതയും അവസ്ഥയും ഉറപ്പുവരുത്താൻ കഴിയാത്തതിനാലും ചില ടൂറുകളിൽ ഒഴിവാക്കപ്പെട്ടേക്കാം. പെരിയാർ വന്യജീവി സങ്കേതത്തിലെ കാഴ്ചകൾ പകരം ഉണ്ടായിരിക്കും.) ആനകൾ, കാട്ടുപോത്ത്, മാനുകൾ, വിവിധയിനം പക്ഷികൾ എന്നിവയെ സാധാരണയായി ഈ ബോട്ടുയാത്രയിൽ കാണാറുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ വിദൂരവീക്ഷണം. തുടർന്ന് പീരുമേടുവഴി വാഗമൺ മലനിരകൾ കണ്ടുകൊണ്ട് യാത്ര. വൈകുന്നേരം സഫാരി ടിവി ആസ്ഥാനത്ത് സന്തോഷ് ജോർജ് കുളങ്ങരയുമായി സംഭാഷണവും (ലഭ്യത അനുസരിച്ച് മാത്രം) ചായസൽക്കാരവും. വീണ്ടും യാത്ര ചെയ്ത് റാന്നി/പത്തനംതിട്ട ഹോട്ടലിൽ താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 5കോന്നി, ജടായുപ്പാറ, തിരുവനന്തപുരം

ഇന്നത്തെ ആദ്യ കാഴ്ച കോന്നിയിലെ ആന പരിശീലനകേന്ദ്രമാണ് (അനുമതി ലഭിക്കുന്നതനുസരിച്ച്). തുടർന്ന് ലോകപ്രശസ്തമായ ജടായുപ്രതിമ സ്ഥിതിചെയ്യുന്ന ചടയമംഗലത്തേക്ക്. ലോകത്തെ ഏറ്റവും വലിയ പക്ഷിപ്രതിമയാണിത്. കേബിൾ കാറിൽ മലമുകളിലേക്ക് ഒരു യാത്രയും ജടായു എർത്ത് സെന്റർ സന്ദർശനവും. തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്ര. തിരുവനന്തപുരം നഗരത്തിന്റെ പ്രധാന Landmark കൾ കണ്ടുകൊണ്ട് യാത്ര. ചരിത്രപ്രസിദ്ധമായ പദ്മനാഭസ്വാമിക്ഷേത്രം സന്ദർശനം (പുറത്തുനിന്ന്). ഇന്ന് ലോകത്ത് ഏറ്റവും അധികം സമ്പത്തുള്ള ക്ഷേത്രം ശ്രീ പദ്മനാഭസ്വാമിക്ഷേത്രമാണ്. തുടർന്ന് മാർത്താണ്ഡത്ത് താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 6പദ്‌മനാഭപുരം, കന്യാകുമാരി

രാവിലെ യാത്രപുറപ്പെട്ട് തമിഴ്‌നാടിന്റെ മണ്ണിലൂടെ യാത്ര. മനോഹരഭൂപ്രകൃതി, തിരുവിതാംകൂർ രാജാക്കന്മാരുടെ മുൻ ആസ്ഥാനമായിരുന്ന പദ്മനാഭപുരം കൊട്ടാരം സന്ദർശനം (അവധിദിനം ഒഴികെ). തുടർന്ന് കന്യാകുമാരിയിലേക്ക് യാത്ര. ശുചീന്ദ്രം ക്ഷേത്രം യാത്രാമധ്യേ കാണാം. കന്യാകുമാരിയിൽനിന്ന് സ്വാമിവിവേകാനന്ദൻ ധ്യാനിച്ചിരുന്ന വിവേകാനന്ദപ്പാറയിലേക്ക് ബോട്ടുയാത്ര (കാലാവസ്ഥ അനുകൂലമെങ്കിൽ). തിരുവള്ളുവർ പ്രതിമ, മഹാത്മാഗാന്ധി മണ്ഡപം, ത്രിവേണിസംഗമം എന്നിവിടങ്ങളിൽ സന്ദർശനം. സൂര്യാസ്തമയം കണ്ട് മടക്കം. നാഗർകോവിലിൽ / മാർത്താണ്ഡം താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 7തിരുവനന്തപുരം നഗരം

രാവിലെ യാത്രതിരിച്ച് തിരുവനന്തപുരം നഗരത്തിൽ നാപിയർ മ്യൂസിയം, മൃഗശാല, നിയമസഭാമന്ദിരം (അനുമതി ലഭിക്കുന്നതനുസരിച്ച്), സ്വാതിതിരുനാളിന്റെ കൊട്ടാരമായിരുന്ന കുതിരമാളിക, വിക്രംസാരാഭായ് സ്പേസ് സെന്റർ മ്യൂസിയം (തുറക്കുന്ന ദിവസമാണെങ്കിൽ), കേരളത്തിലെ ഏറ്റവും വലിയ IT പാർക്കായ ടെക്നോപാർക്ക്, വിഴിഞ്ഞം തുറമുഖം, കോവളം ബീച്ച് ഇവ സന്ദർശിച്ചശേഷം ആറ്റിങ്ങൽ താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 8വർക്കല, ശിവഗിരി, കുട്ടനാട്

രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം യാത്രചെയ്ത് വർക്കല, ശിവഗിരി സന്ദർശിക്കുന്നു. ശ്രീനാരായണഗുരുദേവസമാധിസ്ഥലം, വർക്കല ബീച്ച് എന്നിവിടങ്ങൾ കണ്ടശേഷം ആലപ്പുഴയിലെത്തുന്നു. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ സ്മാരകം, സമുദ്രനിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടൻ പാടശേഖരങ്ങൾ, കായംകുളം കൊട്ടാരം, കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയിലെ ബീച്ച് ഇവ സന്ദർശിച്ച ശേഷം ചേർത്തലയിൽ താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 9കൊച്ചി, മുസിരിസ്, കൊടുങ്ങല്ലൂർ

ചേർത്തലനിന്ന് രാവിലെ യാത്രപുറപ്പെട്ട് മനോരമ TV ചാനൽ/ അമൃത ടിവി സ്റ്റുഡിയോ സന്ദർശനം. (അനുമതി ലഭിക്കുന്നതനുസരിച്ച്.) തുടർന്ന് 2000 വർഷം മുമ്പ് കേരളത്തിന്റെ തുറമുഖനഗരമായിരുന്ന മുസിരിസ് പൈതൃകനഗരം, കേരളത്തിലെ ആദ്യത്തെ മുസ്ലീം ദേവാലയമായിരുന്ന കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് എന്നിവിടങ്ങളിൽ സന്ദർശനം. തുടർന്ന് പൊന്നാനി/കുറ്റിപ്പുറം താമസം.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ ഉൾപ്പെടെ)

Day 10കോട്ടയ്ക്കൽ, കോഴിക്കോട് സിറ്റി ടൂർ

രാവിലെ പ്രഭാതഭക്ഷണത്തിനുശേഷം ദേശീയപാത 66 ലൂടെ സഞ്ചരിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല സന്ദർശിക്കുന്നു. ഉച്ചയോടെ കോഴിക്കോട് എത്തുന്ന സംഘം മലബാറിന്റെ മതസൗഹാർദ്ദത്തിന്റെ പ്രതീകമായ കുറ്റിച്ചിറ മിഷ്കാൽ പള്ളി, കുറ്റിച്ചിറ കുളം, മിഠായിത്തെരുവ്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങൾ സന്ദർശിക്കുന്നു. വൈകിട്ട് 5 മണിയോടെ കേരളത്തിന്റെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും മനുഷ്യജീവിതവും അറിഞ്ഞുകൊണ്ടുള്ള ഈ പഠനയാത്ര അവസാനിക്കുന്നു.

Meals: (ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് ഉൾപ്പെടെ)

  • സാഹചര്യങ്ങൾക്കനുസരിച്ച് താമസിക്കുന്ന ഹോട്ടലുകൾക്കും സ്ഥലങ്ങൾക്കും മാറ്റം ഉണ്ടാകാം.
  • അനുമതികളുടെയും സമയത്തിന്റെയും ലഭ്യതയ്ക്കനുസരിച്ച് ഈ Itinerary യിലെ സന്ദർശനസ്ഥലങ്ങളിൽ മാറ്റം ഉണ്ടായേക്കാം.
Photos